തിരുവനന്തപുരം: കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയിലധികം പകർച്ചപ്പനി രോഗികളുടെ എണ്ണം ഉയർന്നിട്ടും രോഗവ്യാപനമില്ലെന്ന വിചിത്രവാദവുമായി സംസ്ഥാന ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഇന്ന് 39 പേർക്ക് കൂടി ഇൻഫ്ലുവൻസയും അഞ്ച് പേർക്ക് അഞ്ചാംപനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരുന്ന് ക്ഷാമത്തിലും മന്ത്രി മലക്കം മറിഞ്ഞു.
സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനവും മരുന്ന് പ്രതിസന്ധിയും തുടരുകയാണ്. ഇന്നലെ മാത്രം 58 ഇൻഫ്ലുവൻസ രോഗികളാണ് സംസ്ഥാനത്ത് ചികിത്സ തേടിയത്. 35 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചപ്പോൾ, 125 പേർ ഡെങ്കി സംശയപ്പട്ടികയിലും ഉൾപ്പെട്ടു. ഈ വർഷം ഇതുവരെ 120 ഇൻഫ്ളുവൻസ മരണം സംസ്ഥാനത്തുണ്ടായി. കഴിഞ്ഞ വർഷം ഈ കാലയളവിൽ 40 മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം 43 പേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. കഴിഞ്ഞ വർഷം 33 പേരായിരുന്നു മരിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബർ വരെയുള്ള കണക്ക് പ്രകാരം ആകെ അഞ്ചാം പനി സ്ഥിരീകരിച്ചിരുന്നത് 18 പേർക്കായിരുന്നു. ഈ വർഷം 477 പേർക്കാണ് ഈ കാലയളവിൽ അഞ്ചാം പനി റിപ്പോർട്ട് ചെയ്തത്. ആരോഗ്യവകുപ്പിന്റെ ഡാഷ്ബോർഡിൽ നോക്കിയാൽ ആരോഗ്യമന്ത്രിക്കും ഈ കണക്കുകൾ നേരിട്ട് കാണാം. പക്ഷേ കഴിഞ്ഞവർഷത്തെ അത്രയും രോഗകണക്ക് ഈ വർഷം ഇല്ലെന്നാണ് ആരോഗ്യമന്ത്രിയുടെ വാദം.
സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമ വാർത്തകൾ തുടക്കത്തിൽ നിഷേധിച്ച മന്ത്രി 18 ഇനം മരുന്നുകളുടെ കുറവുണ്ടെന്ന് കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ഇന്ന് അതിലും മലക്കം മറിഞ്ഞു. ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് അടക്കം കടുത്ത പ്രതിസന്ധി തുടരുകയാണ്. കെഎംഎസ്സിഎൽ സംഭരണ ശാലകളിൽ എലിപ്പനി പ്രതിരോധ ഗുളിക ഡോക്സിസൈക്ലിൻ പോലും സ്റ്റോക്കില്ല. പഞ്ഞിക്ക് പോലും ക്ഷാമം ഉണ്ടാകുമെന്ന മുന്നറിയിപ്പിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് കെഎംഎസ്സിഎൽ അടിയന്തര ബോർഡ് യോഗം ചേർന്ന് റി ടെൻഡർ നടപടികൾ അംഗീകരിച്ചത്. മന്ത്രിയുടെ നിർദേശ പ്രകാരമായിരുന്നു അടിയന്തര ബോർഡ് യോഗം.